ഹാട്രിക്ക് തോൽവി; മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.

ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

കളിയുടെ തുടക്കം മുതല്‍ തന്നെ മുംബൈ ആണ് പന്ത് കൈവശം വെയ്ക്കുന്നതില്‍ മുന്നില്‍ നിന്നത്. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ മെഹ്താബിന്റെ ഒരു ലോങ് ബോളില്‍ നിന്ന് ബിപിന്‍ സിങ്ങും അഹമ്മദ് ജാഹുവും യോര്‍ഗെ ഡിയാസും ചേര്‍ന്ന ഒരു മുംബൈ മുന്നേറ്റം ഗ്രെഗ് സ്റ്റീവര്‍ട്ടിലെത്തും മുമ്പ് ജെസ്സെല്‍ കാര്‍നെയ്‌റോ കൃത്യമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കി.

എന്നാല്‍ 21-ാം മിനിറ്റില്‍ മെഹ്താബ് സിങ്ങിലൂടെ മുംബൈ മുന്നിലെത്തി. മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്. ക്ലിയറന്‍സ് പിഴച്ചപ്പോള്‍ പന്ത് ബോക്‌സിലുണ്ടായിരുന്നു മെഹ്താബിന്റെ കാല്‍പ്പാകത്തിനായിരുന്നു. താരത്തിന്റെ കരുത്തുറ്റ ഷോട്ടിനു മുന്നില്‍ കേരള ഗോള്‍കീപ്പര്‍ ഗില്ലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

പിന്നാലെ 31-ാം മിനിറ്റില്‍ മുംബൈ രണ്ടാം ഗോളും നേടി. ഗ്രെഗ് സ്റ്റീവര്‍ട്ട് നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ലെസ്‌കോവിച്ച് വരുത്തിയ പിഴവ് മുതലെടുത്ത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസ് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രാഹുലിന്റെ ഒരു ഷോട്ട് മുംബൈ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഇതിനിടെ 47-ാം മിനിറ്റില്‍ സ്റ്റീവര്‍ട്ടിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്‍ തടഞ്ഞു. 52-ാം മിനിറ്റില്‍ ലൂണയുടെ ക്രോസില്‍ നിന്നുള്ള ദിമിത്രിയോസിന്റെ ഹെഡര്‍ പുറത്തേക്ക് പോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. 57-ാം മിനിറ്റില്‍ ദിമിത്രിയോസിന്റെ ഷോട്ട് മുംബൈ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

70-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്‌നിയെ കളത്തിലിറക്കിയിട്ടും ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. ലൂണയും രാഹുലും തിളങ്ങിയപ്പോള്‍ സഹലിന്റെ മോശം പ്രകടനവും ടീമിന് തിരിച്ചടിയായി. ഇതിനു പിന്നാലെ 72-ാം മിനിറ്റില്‍ ലൂണയുടെ ഷോട്ട് പോസ്റ്റിലിടിച്ച മടങ്ങുകയും ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സിനിത് നിര്‍ഭാഗ്യത്തിന്റെ ദിവസമായി.

ഒഡിഷയ്‌ക്കെതിരേ പരാജയപ്പെട്ട മത്സരത്തില്‍ നിന്നും ഏതാനും മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈക്കെതിരേ കളത്തിലിറങ്ങിയത്. പ്രതിരോധത്തില്‍ വിക്ടര്‍ മോംഗിലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഹോര്‍മിപാം റുയ്വ പകരക്കാരുടെ നിരയിലായി. രാഹുല്‍ കെ.പിയും ആദ്യ ഇലവനില്‍ ഇറങ്ങി. ഇവാന്‍ കലിയുഷ്‌നിയും പകരക്കാരുടെ നിരയിലായിരുന്നു. ഹര്‍മന്‍ജോത് ഖബ്ര, ജെസെല്‍ കാര്‍നെയ്റോ എന്നിവര്‍ വിങ് ബാക്കുകളായി. മാര്‍ക്കോ ലെസ്‌കോവിച്ചും വിക്ടര്‍ മോംഗിലും പ്രതിരോധം ഉറപ്പിച്ചപ്പോള്‍ മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, പുട്ടിയ കൂട്ടുകെട്ട് തുടര്‍ന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *