ആമസോൺ പ്രൈം വീഡിയോയുടെ ആദ്യ തെലുങ്ക് ഒറിജിനൽ ചിത്രമായ ‘അമ്മു’ പുറത്തിറങ്ങി.
തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സ്ട്രീം ചെയ്തു കൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യം, കാർത്തികേയൻ സന്താനം എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ചാരുകേഷ് ശേഖറാണ് നിർവഹിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന സിനിമയാണ് അമ്മു.
സിനിമയിലെ ഏറ്റവും ചലനാത്മകമായ വിഷയം ദാമ്പത്യജീവിതത്തിലെ പുരുഷന്റെ അക്രമങ്ങളാണ്. അത് കേന്ദ്ര കഥാപാത്രങ്ങളായ അമ്മുവിന്റെയും രവിയുടെയും ജീവിതത്തിലൂടെയാണ് പറയുന്നത്. 25 വയസ്സിൽ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വരുന്ന അമുദ എന്ന അമ്മു നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് പൊലീസ് ഉദ്യോഗസ്ഥനായ രവിയുടെ കൂടെ ജീവിച്ചു തുടങ്ങുന്നത്. തന്നെ മർദിക്കുന്ന ഭർത്താവിനെ വെറുത്തു തുടങ്ങുമ്പോഴും ‘അയാൾ എന്റെ ദേഹത്ത് കൈവെച്ചു’ എന്ന് സ്വന്തം അമ്മയോട് പരാതിപ്പെടുമ്പോഴും, ഇനിയെന്ത് ചെയ്യണമെന്ന തീരുമാനമെടുക്കുവാനുള്ള അവകാശം അമ്മ അവൾക്ക് നൽകുന്നുണ്ട്. വീണ്ടും അയാളോടൊപ്പമുള്ള ജീവിതത്തിലേക്ക് തിരിച്ചു കയറുന്ന അവളെ, പൊലീസ് എന്ന അധികാര രൂപത്തിൽ പുരുഷൻ എന്ന അവകാശത്തിൽ രവി വീണ്ടും കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അയാളുടെ ക്രൂരതകൾ അതിരുവിടുമ്പോൾ ‘ഇറങ്ങിപ്പോയ വഴിയിലൂടെ ഒരു തിരിച്ചുവരവ് പാടില്ല’ എന്ന് അവൾക്ക് സ്വയം ബോധ്യപ്പെടുന്നു. ദാമ്പത്യത്തിന്റെ നിസ്സഹായാവസ്ഥയില്‍ ഇനിയും അയാൾക്ക് മുൻപിൽ പൂര്‍ണ്ണമായും വിധേയപ്പെടരുത് എന്ന തീരുമാനത്തിൽ അവൾ എത്തിച്ചേരുന്നുണ്ട്. ആ തീരുമാനത്തിൽ അവളോടൊപ്പം പങ്കുചേരുവാൻ ഒരു കൂട്ടം ആളുകൾ കൂടി എത്തുന്നതോടെ സ്ത്രീ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തെകുറിച്ചുള്ള ആഖ്യാനമായി സിനിമ മാറുന്നു.
പരമ്പരാഗത പുരുഷബോധം പേറുന്ന സൈക്കോ ആണ് രവിയെന്ന ഭർത്താവ്. ഒച്ചയിട്ട് സ്ത്രീയെ ഭരിക്കുകയും അവൾ പ്രതികരിക്കുന്ന വേളയിൽ കെഞ്ചി കൊണ്ട് വരുതിയിൽ വരുത്തുകയും ചെയ്യുന്ന പുരുഷൻ. വീട്ടുജോലി ഉത്തരവാദിത്തമായി ഭാര്യയുടെ തലയിൽ അയാൾ കെട്ടി വയ്ക്കാൻ ശ്രമിക്കുമ്പോഴും വീടിനുള്ളിലും വരുമാനം ലഭിക്കുന്ന തന്റേതായ തൊഴിലിടം കണ്ടെത്തുന്നവളാണ് അമ്മു. ഒരു സ്ത്രീക്കും പുരുഷനും തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിനെ തീരുമാനിക്കാനുള്ള സമയത്തിൽ പോലും തുല്യ പങ്കാളിത്തം ഉണ്ടെന്ന തിരിച്ചറിവുള്ളവളാണ് അമ്മു. എങ്കിലും ഭർത്താവ് ഏൽപ്പിക്കുന്ന ബാധ്യതകൾക്കും വിലക്കുകൾക്കും മുന്നിലാണ് അവൾ പതറിപ്പോകുന്നത്.
സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുവാനും സുരക്ഷ ഉറപ്പാക്കുവാനും നിയമമുണ്ടെന്ന് സിനിമ ഓർമ്മിപ്പിക്കുന്നു. അവൾക്ക് നേരെയുള്ള ആൺഭയപ്പെടുത്തലുകളെ നോക്കി ‘തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്’ എന്ന് കൃത്യമായി പറഞ്ഞു നൽകുന്ന പുരുഷന്മാരും സിനിമയിലുണ്ട്. എന്നിരുന്നാലും ആൺബോധ ഫാഷിസത്തിന് മുമ്പിൽ എക്കാലവും ആത്മാഭിമാനം പണയം വയ്ക്കുവാൻ പെണ്ണിനെ കിട്ടില്ല എന്ന് സിനിമ പറഞ്ഞുവെക്കുന്നു. അതിനും അപ്പുറം സ്നേഹത്തിനും വെറുപ്പിനുമിടയിൽ, സ്നേഹചങ്ങലകൾ കൊണ്ട് തന്റെ മനസ്സിനെയും ശരീരത്തെയും സ്വയം തളക്കുന്ന പെണ്ണുങ്ങൾക്ക്, സഹിച്ചു സഹിച്ചു ഭൂമിയോളം സഹിച്ചു ഒടുവിൽ സഹികെട്ട് ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങൾക്ക്, ഒരിക്കലും തിരിച്ചു വരാത്ത ഇറങ്ങിപ്പോക്ക് തെരഞ്ഞെടുക്കുന്ന പെണ്ണുങ്ങൾക്ക് ഏറെയും മനസ്സിലാക്കാൻ പറ്റുന്ന കഥാപാത്രമാണ് അമ്മു.
കാരണം ‘അമ്മു’ ഒരു ഒറ്റപ്പെട്ട ജീവിതമല്ല, നിരവധി പെണ്ണുങ്ങളുടെ ജീവിതമാണ്. സമീപകാലത്ത് റിലീസ് ചെയ്ത ‘ഥപ്പഡ് ‘, ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ തുടങ്ങിയ സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. പുരുഷന് അനുകൂലമാകുന്ന നടപ്പു വ്യവസ്ഥിതി സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീയ്ക്കാണ് എന്ന തോന്നലിൽ ജീവിക്കുന്നവരാണ് ഈ സിനിമയിലെ നായകന്മാർ. ഒരടിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ഥപ്പടിലെ അമുവിനെ പോലെ അഭിമാനബോധം കൊണ്ട് ഇറങ്ങിപ്പോരുവാൻ അമ്മുവിന് എളുപ്പത്തിൽ സാധിക്കാത്തത് അവൾ ഒരേസമയം സ്നേഹത്തിനും വെറുപ്പിനുമിടയിൽ അകപ്പെട്ടതുകൊണ്ടാണ്. പക്ഷേ, ആത്മബോധം തിരിച്ചുകിട്ടിയാൽ പിന്നെ പാട്രിയാർക്കിക്ക് കീഴ്പ്പെടുവാൻ ഒരു പെണ്ണിനും സാധിക്കില്ല എന്ന് സിനിമ അവസാനമായി പറഞ്ഞുവെയ്ക്കുന്നു.
പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ ഒരു ഫീനിക്സിനെപ്പോലെ ചിറകടിച്ചുയരുവാനുള്ള കരുത്ത് ഓരോ പെണ്ണിനുമുണ്ട്. അതിന് അവളെ നിരുത്സാഹപ്പെടുത്താതെ ഒപ്പം നിൽക്കേണ്ടത് സമൂഹമാണ് എന്ന ബോധ്യപ്പെടുത്തൽ സിനിമ നടത്തുന്നു. നായികയായ അമ്മുവായി ഐശ്വര്യ ലക്ഷ്മി എത്തുമ്പോൾ നവീൻ ചന്ദ്ര, സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ജീവിതം പ്രവചനാതീതമാണെന്ന സന്ദേശം നൽകുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിൻറെ മുൾമുനയിൽ എത്തിക്കും. ഐശ്വര്യ, നവീൻ, സിംഹ എന്നിവർക്കൊപ്പം മറ്റ് അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിലുണ്ട്. വൈകാരികമായ കാമ്പിനെ നിലനിർത്തിക്കൊണ്ട് അവതരണം. സാങ്കേതികപരമായി അമ്മു മികച്ച ചിത്രം തന്നെയാണ്.