സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ(59) വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 7നു ശേഷം അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നു അടുത്ത ഫ്ലാറ്റിലുള്ളവർ പറഞ്ഞു. ഫ്ലാറ്റിനു മുന്നിലിട്ട ഇട്ട പത്രം എടുത്തിരുന്നില്ല. രാത്രി മരണം സംഭവിച്ചിരിക്കാമെന്നാണു നിഗമനം. രാവിലെ മുതൽ സതീഷിന്‍റെ ഫോണിൽ മറുപടിയില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ ഫ്ലാറ്റിന്‍റെ വാതിൽ തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്‌തു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
1963 ൽ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് സതീഷ് ബാബു ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പയ്യന്നൂരിലെ കോളജിലും പഠിക്കുന്ന കാലത്തുതന്നെ എഴുത്തിൽ സജീവമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. നക്ഷത്രക്കൂടാരം, ഓ ഫാബി എന്നീ ചിത്രങ്ങൾക്കു തിരക്കഥയെഴുതിയെങ്കിലും പിന്നീട് തിരക്കഥയെഴുത്തിൽനിന്നു പിൻവലിഞ്ഞു. 2001 ൽ ബാങ്ക് ജോലി ഉപേക്ഷിച്ച് ദൃശ്യമാധ്യമരംഗത്തെത്തി. പനോരമ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ടെലിവിഷൻ ഷോകൾ നിർമിച്ച് അവതരിപ്പിച്ചു. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായിരുന്നു.