ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ

ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി, കടുത്ത പനി എന്നിവയെ തുടർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. 

നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനത്തിനത്തിൽ നിന്നാണ് ഇവർ ഷവർമ വാങ്ങിയത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തി ഹീനമായസാഹചര്യത്തിലാണെന്ന് കണ്ടെത്തി. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരിക്കുകയാണ്.

ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടുദിവസത്തിനകം രൂപീകരിക്കും.

കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്‍റെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *