കേരള സര്‍വകലാശാല വി.സി നിയമനം വൈകുന്നതില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സെനറ്റ് അംഗം. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ തീരുമാനിക്കാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരള സര്‍വകലാശാല സെനറ്റ് അംഗം എസ്. ജയറാം ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സെനറ്റ് സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തീരുമാനിച്ച് നല്‍കുന്നില്ലെന്നും ഇതു സംബന്ധിച്ച് കൃത്യമായ നിര്‍ദേശം ഹൈക്കോടതി സെനറ്റിന് നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സെനറ്റ് ഇതിന് തയ്യാറായില്ലെങ്കില്‍ നിലവില്‍ സെര്‍ച്ച് കമ്മിറ്റിയിലുള്ള രണ്ട് അംഗങ്ങളെ വെച്ചുകൊണ്ട് പുതിയ വി.സിയെ കണ്ടെത്തി നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ചാന്‍സിലര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ഹര്‍ജി അടുത്ത ദിവസംതന്നെ കോടതിയുടെ പരിഗണനയ്ക്കു വരും.
സര്‍വകലാശാല സെനറ്റും ചാന്‍സിലറും തമ്മിലുള്ള നിയമപോരാട്ടം ഹൈക്കോടതിയില്‍ നടക്കുന്നതിനിടയിലാണ് സര്‍വകലാശാലയുടെ തന്നെ നടപടികള്‍ ചോദ്യംചെയ്തുകൊണ്ട് സെനറ്റ് അംഗം ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.