വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ അദാനിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. പരിമിതമായ കാര്യങ്ങള്‍ കോടതിയെ അറിയിച്ചശേഷം വിശദമായ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
ഞായറാഴ്ചയുണ്ടായ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ 3,000ത്തോളം പേര്‍ ഉണ്ടായിരുന്നെന്നും 40 പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. ഇത്തരം വിവരങ്ങളെല്ലാം സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ നഷ്ടം പ്രതിഷേധക്കാരില്‍ നിന്നും ഈടാക്കുമെന്നും പരിക്കേറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസറടക്കം ചികിത്സയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. വിഴിഞ്ഞം സമരത്തില്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന വാദമാണ് കേസ് പരിഗണിക്കുമ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഉന്നയിച്ചത്. പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. മാസങ്ങളായി നിര്‍മാണപ്രവൃത്തികള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കോടികളാണ് തങ്ങള്‍ക്ക് നഷ്ടമെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. യുക്തിരഹിതമായാണ് സമരക്കാര്‍ പെരുമാറുന്നത്. ഞായറാഴ്ചത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം അദാനി ശക്തമാക്കി.
വിഴിഞ്ഞത്തേത് വലിയക്രമസമാധാന പ്രശ്‌നമെന്ന് അദാനി ചൂണ്ടിക്കാട്ടി. തുറമുഖനിര്‍മാണത്തിന് സാധനങ്ങളുമായി എത്തിയ ലോറി തടഞ്ഞപ്പോള്‍ പോലീസ് കാഴ്ചക്കാരായി. നിയമം കയ്യിലെടുക്കാന്‍ വൈദികരടക്കം നേതൃത്വം നല്‍കുന്നു. സ്വന്തം നിയമംനടപ്പാക്കുന്ന ഒരു കൂട്ടരാണ് വിഴിഞ്ഞത്തേത്. രാജ്യത്തെ നിയമസംവിധാനത്തെ ഇവര്‍ വിലകല്‍പ്പിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും കോടതി ആരാഞ്ഞു. നടപടിക്കായി കോടതി നിര്‍ദ്ദേശം കാത്തിരിക്കേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരേയും പ്രേരിപ്പിച്ചവരേയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. നിങ്ങള്‍ എന്ത് നടപടിയാണ് എടുത്തതെന്ന് സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി ചോദിച്ചു. കോടതി നിര്‍ദ്ദേശത്തിന് അനുസരിച്ച് മുന്നോട്ടുപോകാമെന്നായിരുന്നു ഇതിന് സര്‍ക്കാരിന്‍റെ മറുപടി. എന്നാല്‍, ക്രമസമാധാനപ്രശ്‌നവും നിയമലംഘനവുമുണ്ടായാല്‍ ആരും കോടതിയെ കാത്തിരിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരും പോലീസും അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇത്തരംകാര്യങ്ങള്‍ കോടതിയുടെ തലയില്‍ വെക്കേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. കൃത്യമായ നടപടിയെടുത്ത് അതിന്‍റെ റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
അതിനിടെ, കേന്ദ്രസേന വന്നാലും ഇതൊക്കെ തന്നെയായിരിക്കും സംഭവിക്കുകയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇതിനെ കേന്ദ്രം എതിര്‍ത്തു. കേന്ദ്രസേന വന്നാല്‍ എന്തുസംഭവിക്കമെന്നും എങ്ങനെയിടപെടുമെന്നും സംസ്ഥാനമല്ല ഹൈക്കോടതിയില്‍ വിശദീകരിക്കേണ്ടതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.