വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്ദുറഹ്മാന്. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല. സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. കോടതി വിധി നടപ്പാക്കാന്‍ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് താഴാവുന്നതിന് പരിധിയുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച എക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകുതിയിലധികം നിര്‍മ്മാണപ്രവര്‍ത്തനം നടന്നശേഷം പദ്ധതി നിര്‍ത്തിവെക്കാന്‍ പറഞ്ഞാല്‍ സംസ്ഥാനത്തിനും രാജ്യത്തിനും അത് അംഗീകരിക്കാനാവില്ല.
പട്ടിണിയില്ലാതെ, സന്തോഷത്തോടെ കഴിയുന്ന ജനങ്ങളെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് അനുസൃതമായി പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാകേണ്ടതുണ്ട്. സീ പോര്‍ട്ട് വരുമ്പോള്‍ സര്‍ക്കാരിന് വരുമാനം ഉണ്ടാകും. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ല. പദ്ധതിക്ക് തറക്കല്ലിട്ട് സദ്യയുമുണ്ടിട്ട് പോയവര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണ്. ഇപ്പോള്‍ ഇവര്‍ ഈ പദ്ധതി മാറ്റിവെക്കണമെന്ന് പറയുന്നതിന് പിന്നില്‍ മറ്റുപലതുമാണ്. ഈ രാജ്യം അത് അനുവദിക്കാന്‍ പോകുന്നില്ല.
ഈ തുറമുഖം കേരളത്തിലുണ്ടാകുമെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. ഈ തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇവിടെ കപ്പലുകള്‍ വരും എന്നതില്‍ സംശയം വേണ്ട. പ്രത്യേകം പത്താളുകള്‍ കൂടിയാല്‍ ഒരു സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്താമെങ്കില്‍, പിന്നെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ആവശ്യമില്ലല്ലോ. പിന്നെ കുറേ ആളുകളും ഗുണ്ടകളുമുണ്ടെങ്കില്‍ അതു മതിയല്ലോയെന്ന് മന്ത്രി ചോദിച്ചു.