ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലെ അധ്യയനം നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
അഞ്ചാംതരത്തിനു മുകളിലേക്കുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നടക്കും. എന്നാല്‍, കായിക പരിപാടികള്‍ക്കടക്കം ക്ലാസിനു പുറത്തിറങ്ങാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വായു ഗുണനിലവാരം ‘ഗുരുതര’മായ സാഹചര്യത്തില്‍, ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) 4 പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചെറിയ കുട്ടികള്‍ക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും എല്ലാവരും ഒന്നിച്ച് ഉചിതമായ നടപടികള്‍ എടുക്കുകയാണ് വേണ്ടതെന്നും കെജ്രിവാള് പറഞ്ഞു.