ഇന്ത്യക്കാര്‍ക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ പൗരന്മാർക്ക് അനുകൂലമായ വാർത്ത.
ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച വിസനയത്തിന്റെ ഭാഗമായ പദ്ധതിയുടെ പ്രയോജനം നേടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. ‘യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം അംഗീകരിച്ചു, 18-30 വയസ് പ്രായമുള്ള ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് യുകെയില്‍ വരാനും രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും 3,000 സ്ഥലങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്’ – കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.