മിന്നലായി ബേസിൽ, ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകൻ

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.

‘‘സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്

ഈ ലഭിച്ച പുരസ്‌കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്. എന്‍റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ലിക്‌സ്, സിനിമയിലെ അഭിനേതാക്കള്‍, എഴുത്തുകാര്‍, സിനിമോട്ടോഗ്രാഫര്‍ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു.’’ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ വർഷം ഡിസംബറില്‍ നെറ്റ്ഫ്ലിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തിയ പാന്‍ ഇന്ത്യന്‍ സിനിമയാണ് മിന്നല്‍ മുരളി. ഭാഷക്ക് അധീതമായി സിനിമ വലിയ ചര്‍ച്ചയായിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ എന്നതിനപ്പുറം സാധാരണ ജനങ്ങൾക്ക് തങ്ങളിൽപെട്ട ഒരൂ സൂപ്പർ ഹീറോ എന്ന തോന്നലുണ്ടാക്കാനും ചിത്രത്തിനു സാധിച്ചു.

സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വ്‌ളാഡ് റിംബർഗാണ്. ചിത്രത്തിന്‍റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്‌നേഹ ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *