തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ബാബുജാൻ. തനിക്ക് മറച്ചു വെയ്ക്കാൻ ഒന്നുമില്ല. വിവരങ്ങൾ കൃത്യമായി കിട്ടിയ ശേഷം പ്രതികരിക്കാമെന്നും ബാബുജാൻ പറഞ്ഞു. നിഖിൽ തെറ്റ് ചെയ്തു എന്നാണല്ലോ വ്യക്തമായിരിക്കുന്നതെന്നും ബാബുജാൻ ചോദിച്ചു. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണ നിഴലിൽ ഉള്ള ആള് ആണ് ബാബുജാൻ.
എസ്എഫ്ഐ നേതാവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സിന്‍ഡിക്കേറ്റ് മെമ്പർ ആരാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കായംകുളത്തു നിന്നുള്ള ഏക സിൻഡിക്കേറ്റ് മെമ്പർ കെഎച്ച് ബാബുജാൻ ആണ്. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്നായിരുന്നു ചെന്നിത്തല ഉയർത്തിയ ആരോപണം.
ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ബാബുജാൻ നടത്തിയിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയിലെ സ്ഥാനങ്ങൾ ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ബാബുജന്‍റെ പേര് പരാമർശിച്ച് രംഗത്ത് വന്നത്. ‘നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും’ എന്നായിരുന്നു ഹിലാൽ ബാബുവിന്‍റെ പ്രതികരണം.