ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം പെട്ടെന്നൊരിക്കൽ സാധ്യമാവുക. ഏതൊരാൾക്കും ഏറെ സന്തോഷം കിട്ടുന്നതാണത്. പാലക്കാട് മണ്ണാർകാട്ടെ 11 കുടുംബങ്ങൾക്ക് ഇത് അത്തരത്തിലൊരു സന്തോഷത്തിന്‍റെ നിമിഷമാണ്. 4 വർഷമായി കിട്ടില്ലെന്ന് കരുതിയതാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ സാധ്യമായത്.
2017ൽ പിഎംഎവൈയിൽ ഉൾപ്പെടുത്തിയാണ് മണ്ണാർകാട് 11 കുടുംബങ്ങൾക്ക് വീട് അനുവദിച്ചത്. മൂന്ന് ഗഡുവായിട്ടായിരുന്നു പണം നൽകിയത്. എന്നാൽ നിർമാണത്തിൽ ചട്ടലംഘനമെന്ന് ചൂണ്ടികാണിച്ച് നഗരസഭ വീടുകൾക്ക് കെട്ടിട നമ്പർ നൽകിയല്ല. കെട്ടിട നമ്പറിനായി പല തവണ നഗരസഭ കയറി ഇറങ്ങിയെങ്കിലും ഒന്നും നടന്നില്ല. വീടിന് നമ്പറില്ലാത്തതിനാൽ വ്യാപാര കെട്ടിടത്തിന് തുല്യമായ വൈദ്യുതി ബിൽ നൽകണം. പലർക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ബില്ല്. അതുമാത്രമല്ല, കെട്ടിടത്തിന് നമ്പർ ഇല്ലാത്തതിനാൽ വീട് നിർമാണത്തിന് കിട്ടേണ്ട അവസാനഗഡുവും പലർക്കും ലഭിച്ചില്ല.
മണ്ണാർകാട്ടെ 11 കുടുംബങ്ങളുടെ ഈ സങ്കടമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്. ആദ്യ രണ്ട് ഗഡു അനുവദിക്കുമ്പോഴോ, വീട് നിർമാണത്തിന്‍റെ ഘട്ടത്തിലോ ഇല്ലാത്ത പ്രശ്നം നഗരസഭയ്ക്ക് ഇപ്പോൾ എങ്ങനെ വന്നു എന്നായിരുന്നു ഗുണഭോക്താക്കളുടെ ചോദ്യം. ആ ചോദ്യം ചോദിക്കാൻ കൃത്യമായ ഇടം അവർക്ക് കിട്ടിയപ്പോൾ ആ ചോദ്യത്തിന് ഉത്തരവും ലഭിച്ചു. വെറും സാങ്കേതികത്വം പറഞ്ഞ് നടക്കാതെപോയ സ്വപ്നമാണ് ആ കുടുംബങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നിറവേറ്റി നൽകിയത്. വാർത്തകൾക്ക് ജീവൻ വെക്കുന്നത് പലപ്പോഴും അത് താങ്ങാകേണ്ടവർക്ക് തണലേകുമ്പോഴാണ്.