അധികാരത്തിലെത്തി 45 ദിവസത്തിനുള്ളിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. ബ്രിട്ടനിൽ ഏറ്റവും കുറച്ച്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജ്യത്ത് പ്രധാനമന്ത്രിയുടെ നയങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നും അവർ അറിയിച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ മടക്കം.
ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച നികുതിയിളവുകൾ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതൽ പ്രശ്നത്തിലാക്കുമെന്നായിരുന്നു വിലയിരുത്തൽ. ഭരണപക്ഷത്തുനിന്നു തന്നെ ലിസ് ട്രസിനെതിരെ വിമർശനമുണ്ടായി.
ലിസ് ട്രസിന്റെ ഭരണത്തിൽ അതൃപ്തി അറിയിച്ച് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സുവെള്ള ബ്രെവർമാനും രാജി വെച്ചിരുന്നു. ഇതോടെ ട്രസിന് മേൽ സമർദമേറി. വ്യാഴാഴ്ച ചേർന്ന ഹൗസ് ഓഫ് കോമ്മൺസിന്റെ യോഗത്തിൽ ട്രസ് രാജി വെക്കണമെന്ന ആവശ്യവുമായി കൂടുതൽ എംപിമാർ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രാജിക്കാര്യം ലിസ് ട്രസ് പ്രഖ്യാപിച്ചത്
ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പിന്തള്ളിയാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പിൽ ലിസ് ട്രസ് 57% വോട്ട് നേടിയിരുന്നു. ബ്രിട്ടന്റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായിരുന്നു ലിസ്. മാർഗരറ്റ് താച്ചറും തെരേസ മേയുമാണു മറ്റു 2 പേർ.