ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം, സംസ്ഥാനം വിട്ട് പോകരുത്, സാമുഹ്യമാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ ഇടരുത് എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. 22ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം കഴിഞ്ഞ 15ന് പൂര്‍ത്തിയായിരുന്നു. തട്ടികൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചേർക്കുകയായിരുന്നു.
ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്.
ഒളിവില്‍ കഴിയുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കിയിരുന്നു. പാര്‍ട്ടിക്ക് എല്‍ദോസ് മറുപടി നല്‍കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കുകയും ചെയ്തു. പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. എല്‍ദോസിനെ ഒരു കാര്യത്തിലും ന്യായീകരിക്കുന്നില്ല. ഒളിവില്‍ പോയതുള്‍പ്പെടെ നടപടികളില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടെന്നും സുധാകരന് പറഞ്ഞു.