പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി.
മാതാവിന്‍റെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ- ‘മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നു… ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം എനിക്ക് എപ്പോഴും അമ്മയിൽ അനുഭവപ്പെട്ടിട്ടുണ്ട്’.
1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. നിർധന കുടുംബത്തിലെ അംഗമായ അവർക്ക് ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദി ചെറുപ്പത്തിൽ തന്നെ ജീവിത പങ്കാളിയായി. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്‍റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകൾ വാസന്തിബെൻ. ഭർത്താവിന്‍റെ മരണശേഷം ഇളയമകനായ പങ്കജിന്‍റെ വീട്ടിലേക്ക് ഹീരബെൻ മാറി. കഴിഞ്ഞ ജൂണിൽ അമ്മ നൂറാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി പ്രധാനമന്ത്രി അമ്മയുടെ പാദപൂജ നടത്തിയിരുന്നു.