കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങാ മോഷണ കേസ് ഒത്തു തീർപ്പാക്കാനുള്ള നീക്കത്തിനെതിരെ പൊലീസ്.കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് റിപ്പോർട്ട്. മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്.
അതേസമയം കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.
കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ പച്ചക്കറിക്കടയിൽനിന്നാണ് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ചത്. മുണ്ടക്കയം വണ്ടൻപതാൽ 10 സെൻറ് കോളനിയിൽ പുതുപ്പറമ്പിൽ പി.ബി. ഷിഹാബാണ് (36) മോഷണക്കേസിൽ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻകൂർ ജാമ്യത്തിന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല.