ട്വിറ്റര്‍ മേധാവിയായി അധികാരമേറ്റതിന് പിന്നാലെ 170 ഇന്ത്യക്കാരുള്‍പ്പടെ നിരവധി ജീവനക്കാരെ ഇലോണ്‍ മസ്ക് പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.
ഇപ്പോഴിതാ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നൽകിയിരുന്ന നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നുള്ള പരാതി ഉയരുകയാണ്. ഇക്കാര്യത്തില്‍ ഇലോണ്‍ മസ്കിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മുന്‍ ട്വിറ്റര്‍ ജീവനക്കാരും പരാതിയുമായി രംഗത്തുണ്ട്. ട്വിറ്ററിലൂടെയാണ് ഭൂരിഭാഗം പേരും വിമര്‍ശനം അറിയിക്കുന്നത്.
മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മസ്ക് വാഗ്ധാനം ചെയ്തത്. ഡിസംബറോടെ ഈ തുക ലഭിക്കുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതിന് പിന്നാലെ കമ്പനി സി.ഇ.ഒയും ഇന്ത്യക്കാരനുമായ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.