പട്ടയഭൂമിയിലെ നിർമാണം: നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനം

പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തുന്ന‍തിനു കേരള ഭൂപതിവു നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം. പ്രധാനമായും ഇടുക്കിക്കാണ് ഇതു ബാധകം. ഇടുക്കിയിലെ പട്ടയങ്ങളെക്കുറിച്ചുള്ള മറ്റു പരാതികളും പരിഹരിക്കും. കർഷകർ ഉൾപ്പെടെ ആയിരക്കണക്കിനു പേർക്ക് പ്രയോജനക‍രമാകുന്നതാണ് തീരുമാനം. 

1960ലെ ഭൂപതിവ് നിയമത്തിലാണ് ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23  നു  ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.

1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി. ഇതിന്‍റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. 

ജീവിതോപാധിക്കായി നടത്തിയ ചെറു നിർമാണങ്ങളും (1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മാണവും. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്തും.

1500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിർമിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില്‍ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും.   ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ് സ്റ്റാൻഡുകൾ, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വ്വചിച്ചിട്ടുള്ളവ ആണ് ഇങ്ങനെ ഒഴിവാക്കുക. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *