ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ; മികച്ച സംവിധായകൻ രാജമൗലി

ഓസ്കർ മത്സരവേദിയിൽ തിളങ്ങാനൊരുങ്ങുന്ന രാജമൗലിക്ക് ആദ്യമായി ഒരു ഇന്‍റർനാഷണൽ പുരസ്കാരനേട്ടം. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്കാരനിർണയത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ആണ് രാജമൗലിയെ തേടിയെത്തിയത്. അമേരിക്കയിലെ ആദ്യകാല ക്രിട്ടിക്സുകൾ അംഗമായിട്ടുള്ള ഗ്രൂപ്പ് ആണിത്.

ടോഡ് ഫീല്‍ഡ് സംവിധാനം ചെയ്ത ടാർ ആണ് മികച്ച ചിത്രം. കോളിൻ ഫാരെല്‍ മികച്ച നടൻ. അവാർഡ് സമർപ്പണം ജനുവരിയിൽ നടക്കും.

ഓസ്കറിനു മുന്നോടിയായി അമേരിക്കയിൽ മികച്ച സ്വീകാര്യതയാണ് രാജമൗലിയുടെ ആർആർആർ നേടുന്നത്. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളില്‍ ഓസ്കറിൽ മത്സരിക്കും. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിന്‍റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഓസ്കർ നോമിനേഷനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ൻ. ഓസ്കർ അക്കാദമിക്കു കീഴിലുള്ള തിയറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിക്കുക.

ഇന്ത്യയെമ്പാടും തരംഗമായ ആർആർആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകർപോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തി. ജപ്പാനിലും ചിത്രത്തിന് റെക്കോർഡ് കലക്‌ഷനായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആർആർആറിനെ ഓസ്കർ വരെ എത്തിച്ചിരിക്കുന്നത്.

ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ആര്‍ആര്‍, വിവേക് അഗ്‌നിഹോത്രിയുടെ ‘കശ്മീര്‍ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ചെല്ലോ ഷോയുടെ എൻട്രി. മികച്ച വിദേശ ഭാഷ ചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയുടെ മത്സരമെങ്കിൽ ഹോളിവുഡ് സിനിമകള്‍ ഉൾപ്പെടുന്ന മെയ്ൻ സ്ട്രീം കാറ്റഗറിയാണ് ആര്‍ആർആർ സ്വന്തമായി മത്സരിക്കാൻ ഒരുങ്ങുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *