നൂറാംദിനം വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രദേശത്ത് സംഘർഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്‍റെ മുല്ലൂരിലെ പ്രധാന കവാടത്തിന്‍റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേയ്ക്കു കടന്നു. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വള്ളങ്ങളും കത്തിച്ചു. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ കടലിലേക്കു തള്ളി.

നൂറാം ദിവസത്തിൽ കടലിലും കരയിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. രാവിലെ മുതൽ ഓരോ ഇടവകകളിൽനിന്നും ബൈക്കുകളിലും ഓട്ടോകളിലും പ്രതിഷേധക്കാർ മുല്ലൂരിലെ സമരപന്തലിലെത്തി. പിന്നീട് ബാരിക്കേഡുകൾ തള്ളി മാറ്റിയ പ്രതിഷേധക്കാർ പദ്ധതി പ്രദേശത്തേക്കു കടക്കുകയായിരുന്നു.

ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 20 മുതൽ സമരം നടത്തുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യമൊഴികെ മറ്റു ആറു ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചു നിൽക്കുകയാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ സർക്കാര്‍ രൂപീകരിച്ച പഠന സമിതിയിൽ ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *