തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നു രാവിലെ 10.30ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യും. ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും.
ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുൻഅംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും ആദരിക്കും. അഖിലേന്ത്യ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പിറവം മുൻ എം.എൽ.എ എം.ജെ.ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്. സിൽവർ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്.