മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടാം ഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍. സോണി ടിവിയിലെ സിഐഡി സീരിയല്‍ ദൃശ്യത്തേക്കാള്‍ എത്രയോ ഭേദമാണെന്നും കെ.ആര്‍.കെ അഭിപ്രായപ്പെട്ടു. ദൃശ്യം രണ്ടാംഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് കെ.ആര്‍.കെയുടെ പരാമര്‍ശം.
ഈ മലയാളം ദൃശ്യം വളരെ ദാരുണമായ സിനിമയാണ്. വളരെ മടുപ്പിക്കുന്ന സിനിമ. സോണിയിലെ സിഐഡി സീരിയല്‍ അതിനേക്കാള്‍ നൂറ് മടങ്ങ് മെച്ചമാണ്. ഞാന്‍ ഇതിന് ഒരേയൊരു സ്റ്റാര്‍ റേറ്റിങ് മാത്രമേ നല്‍കൂ.
അവസാന മുപ്പത് മിനിറ്റ് ആളുകള്‍ക്ക് ഇഷ്ടമായേക്കാം. നായകന്‍റെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്നത് കൊണ്ട്. എല്ലാ പോലീസ് ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ല. അതുകൊണ്ട് പൊതുസമൂഹത്തിന് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കണം.
ദൃശ്യം 2 മലയാള സിനിമയുടെ ഫ്രെയിം ടു ഫ്രെയിം പകര്‍പ്പായിരിക്കും. ഈ മലയാളം സിനിമ വളരെ മോശവും പുതിയ ഉദ്യോഗസ്ഥന്‍ വരുന്നതുവരെയുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. പതിയെ തുടങ്ങി 30 മിനിറ്റിലാണ് എന്തെങ്കിലും സംഭവിക്കുന്നത്. ആദ്യത്തെ ഒന്നരമണിക്കൂര്‍ സിനിമയില്‍ നല്ലതൊന്നുമില്ല- കെ.ആര്‍.കെ കുറിച്ചു.
അഭിപ്രായ പ്രകടനങ്ങളിലൂടെ എല്ലായ്‌പ്പോഴും വിവാദത്തില്‍ ഇടം നേടുന്ന നിരൂപകനാണ് കെ.ആര്‍.കെ. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച നടന്‍മാരായ ഋഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരെ അപമാനിച്ചുവെന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയില്‍ കെ.ആര്‍.കെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ യുവമോഡല്‍ നല്‍കിയ ലൈംഗിക പീഡനപരാതിയിലും കെ.ആര്‍.കെ അറസ്റ്റിലായി. ഈ രണ്ടു കേസിലും ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണിപ്പോള്‍.
ഹിന്ദി ചിത്രം വിക്രം വേദയ്ക്ക് ശേഷം സിനിമകളെക്കുറിച്ച് അഭിപ്രായം പറയില്ലെന്ന് കെ.ആര്‍.കെ കുറച്ച് നാളുകള്‍ക്ക് മുന്‍പ് പ്രസ്താവന നടത്തിയിരുന്നു. തന്നെ ബോളിവുഡ് സിനിമയിലെ മാഫിയ വേട്ടയാടുന്നുവെന്ന ആക്ഷേപവും കെ.ആര്‍.കെ ഉയര്‍ത്തിയിരുന്നു.