തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുത്; അമിത് ഷാ

തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് തീവ്രവാദം. എന്നാല്‍, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തീവ്രവാദത്തിന്‍റെ ലക്ഷ്യവും മാര്‍ഗവും കണ്ടെത്തുന്നതിന് സഹായമാവുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയെ ദുര്‍ബലപ്പെടുത്തുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗങ്ങളുമായോ ചേര്‍ത്തുപറയാന്‍ കഴിയില്ല, പാടില്ല’- അമിത് ഷാ പറഞ്ഞു.

തീവ്രവാദത്തെ നേരിടാന്‍ നിയമ- സാമ്പത്തിക സംവിധാനങ്ങള്‍ക്ക് പുറമേ സുരക്ഷാ രീതിയിലും രാജ്യം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, തീവ്രവാദത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനും തടസ്സപ്പെടുത്താനും ചിലരാജ്യങ്ങള്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ‘ചില രാജ്യങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുകയും അവര്‍ക്ക് താവളം ഒരുക്കുകയും ചെയ്യുന്നു. തീവ്രവാദികളെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത്തരം ഘടകങ്ങള്‍ വിജയിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *