താരമായി വലൻസിയ; ഉത്ഘാടന മത്സരത്തിൽ കരുത്തുകാട്ടി ഇക്വഡോർ, കണ്ണീരോടെ ഖത്തർ

ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോർ ആദ്യ പകുതിയിൽ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ഖത്തറിന് മറുപടിയില്ലാതെ പോവുകയായിരുന്നു. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ​ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു.

ദോഹ: ആർത്തിരമ്പിയ കാണികൾക്ക് മുന്നിൽ വിജയത്തോടെ ലോകകപ്പിന് തുടക്കമിടാമെന്നുള്ള ഖത്തറിന്റെ പ്രതീക്ഷകൾ തകർന്നു. ഇക്വഡോറിയൻ കരുത്തിന് മുന്നിൽ ഉത്തരം മുട്ടിയ ആതിഥേയർ എതിരില്ലാത്ത രണ്ട് ​ഗോളിന്റെ തോൽവിയാണ് സമ്മതിച്ചത്. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ​ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു. ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോർ ആദ്യ പകുതിയിൽ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ഏഷ്യൻ പടയ്ക്ക് മറുപടിയില്ലാതെ പോവുകയായിരുന്നു. 

ഒന്നാം പകുതി

ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഖത്തര്‍ ഗോളി സാദ് അല്‍ ഷീബിന്‍റെ പിഴവ് മുതലാക്കി ഇക്വഡോര്‍ അഞ്ചാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയെങ്കിലും വാറിന്‍റെ വിധിയില്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല. ഫെലിക്സ് ടോറസിന്‍റെ കിടിലന്‍ അക്രോബാറ്റിക് ശ്രമത്തില്‍ നിന്ന് ലഭിച്ച അവസരം എന്നര്‍ വലന്‍സിയ ഹെഡ് ചെയ്ത് വലയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ, ഓഫ്സൈഡിന്‍റെ നിര്‍ഭാഗ്യം ഇക്വഡോറിന് തിരിച്ചടിയായി. ടോറസിനെതിരെയാണ് ഓഫ്സൈഡ് വിധിച്ചത്.

ആതിഥേയരായ ഖത്തറിനെതിരെ ആദ്യം മുതല്‍ ആക്രമണം അഴിച്ചു വിടുകയാണ് ഇക്വഡോര്‍ ചെയ്തത്. മികച്ച ബോള്‍ പൊസിഷനുമായി ഇക്വഡോര്‍ കുതിച്ച് എത്തിയതോടെ ഖത്തറി ഗോള്‍ മുഖം നിരന്തരം പരീക്ഷണങ്ങള്‍ക്ക് നടുവിലായി. നിരന്തര പരിശ്രമങ്ങള്‍ക്കുള്ള ഫലം ദക്ഷിണമേരിക്കന്‍ സംഘത്തിന് 15-ാം മിനിറ്റില്‍ ലഭിച്ചു. പന്തുമായി കുതിച്ച വലന്‍സിയക്ക് കുടുക്കിടാനുള്ള ഖത്തര്‍ ഗോളി അല്‍ ഷീബിന്‍റെ അതിസാഹസം പെനാല്‍റ്റിയിലാണ് കലാശിച്ചത്. സമ്മര്‍ദം ഒന്നും കൂടാതെ വലന്‍സിയ തന്നെ പന്ത് വലയിലെത്തിയച്ചോടെ 2022 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. വലന്‍സിയ ആയിരുന്നു ഇക്വഡോറിന്‍റെ തുറുപ്പ് ചീട്ട്.

താരത്തെ തേടി ക്രോസുകളും ലോംഗ് ബോളുകളും വന്നുകൊണ്ടേയിരുന്നു. ഖത്തര്‍ നേരിട്ട അനുഭവസമ്പത്തിന്‍റെ കുറവ് ഇക്വഡോര്‍ പരമാവധി മുതലെടുക്കുകയായിരുന്നു. 31-ാം മിനിറ്റില്‍ ഇക്വഡോര്‍ വീണ്ടും ലക്ഷ്യം കണ്ടു. വലതു വശത്ത് നിന്നും വന്ന അതിമനോഹരമായ ക്രോസില്‍ വലന്‍സിയ തലവയ്ക്കുമ്പോള്‍ എതിര്‍ക്കാന്‍ ഖത്തറി താരങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഏയ്ഞ്ചലോ പ്രെസൈഡോ ആയിരുന്നു ഗോളിന്‍റെ ശില്‍പ്പി. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഖത്തര്‍ അല്‍പ്പം കൂടെ മെച്ചപ്പെട്ട രീതിയില്‍ പാസിംഗ് ഗെയിം കളിച്ച് തുടങ്ങി. ഇക്വഡോറിയന്‍ പ്രതിരോധം പാറപോലെ ഉറച്ച് നിന്നതോടെ ഗോള്‍ മാത്രം അകലെയായി. ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം ലഭിച്ച സുവര്‍ണാവസരം അല്‍മോയസ് അലി പാഴാക്കുകയും ചെയ്തത് ഇക്വഡോറിന് ആശ്വാസമായി.

രണ്ടാം പകുതി

അൽപ്പം കൂടെ പതിഞ്ഞ താളത്തിലാണ് മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയത്. മികച്ച ഒരു നീക്കം നടന്നത് 54-ാം മിനിറ്റിലാണ്. അൽ റാവി വരുത്തിയ ഒരു പിഴവ് മുതലാക്കിയാണ് ഇക്വഡോർ മൂന്നാം ​ഗോളിന് ശ്രമിച്ചത്. ഇബാറയുടെ ഒരു കനത്ത ഷോട്ട് പക്ഷേ അൽ ഷീബ് കുത്തിയകറ്റി. 62-ാം മിനിറ്റിലാണ് ഖത്തർ ഭേദപ്പെട്ട ഒരു ആക്രമണം ഇക്വഡോറിയൻ ബോക്സിനുള്ളിൽ നടത്തിയത്. ഹസൻ ബോക്സിനുള്ളിലേക്കുള്ള നൽകിയ ലോം​ഗ് ബോളിൽ മി​ഗ്വേൽ തലവെച്ചെങ്കിലും പുറത്തേക്ക് പോയി. മധ്യനിരയിൽ പന്ത് നഷ്ടപ്പെടുത്തുന്നതാണ് ഖത്തറിനെ വലച്ചത്.

കസൈഡയും മെൻഡസും അനായാസം പന്ത് കൈക്കലാക്കി. 76-ാം മിനിറ്റിൽ മത്സരത്തിലെ താരമായ വലൻസിയക്ക് പരിക്ക് മൂലം തിരികെ കയറേണ്ടി വന്നു. കളി ഇടയ്ക്കിടെ പരുക്കൻ ആയി മാറിയതോടെ റഫറി കാർഡുകൾ ഉയർത്താൻ ഒരു മടിയും കാണിച്ചില്ല. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് 86-ാം മിനിറ്റിലാണ് ഖത്തറിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം കൈവന്നത്. ഇക്വഡോർ പ്രതിരോധത്തിന് മുകളിലൂടെ മുൻതാരി തൊടുത്ത് വിട്ട പന്തിലേക്ക് ഹിൻക്യാപി ഓടിയെത്തിയെങ്കിലും ഫസ്റ്റ് ടൈം ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. മത്സരത്തിൽ കൂടുതൽ മാറ്റങ്ങളൊന്നും പിന്നീട് ഉണ്ടായില്ല. ഇടയ്ക്കിടെയുള്ള ഇക്വഡോറിയൻ ആക്രമണങ്ങൾ അല്ലാതെ ഖത്തറിന്റെ ഒരു തിരിച്ചവരവ് സ്വപ്നം കണ്ട ആരാധകർക്ക് നിരാശയായിരുന്നു ഫലം. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *