ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതിന് നിരോധനമേര്‍പ്പെടുത്തി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണിത്. ഡല്‍ഹി സര്‍വകലാശാലയുടെ ആര്‍ട്‌സ് വിഭാഗത്തിന് പുറത്ത് സംഘം ചേരുന്നതിനാണ് നിരോധനം.അതിനിടെ, നീക്കത്തിനെതിരെ പ്രതിഷേധിച്ച നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം, അംബേദ്കർ സർവകലാശാലയിലും ഡോക്യുമെന്‍ററി പ്രദർശനം തടയാനുള്ള ശ്രമം ഉണ്ടായതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. നേരത്തെ ജെ.എൻ.യുവിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനിരിക്കെ അധികൃതർ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതേരീതിയിൽ അംബേദ്കർ സർവകലാശാലയിലും വൈദ്യുതി വിച്ഛേദിച്ച് ഡോക്യുമെന്‍ററി പ്രദർശനം തടയുകയായിരുന്നു. എന്നാൽ, ക്യൂ.ആർ. കോഡ് വഴി വീഡിയോ എല്ലാവരുടേയും മൊബൈലുകളിലും ലാപ്ടോപുകളിലും കാണാനുള്ള സൗകര്യം വിദ്യാർഥികൾ ഒരുക്കി പ്രദർശനം തുടർന്നതായാണ് വിവരം.
പ്രദർശനം തടഞ്ഞതിന് പിന്നാലെ ഇരു സർവകലാശാലകളിലേയും ഒരു കൂട്ടം വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അംബേദ്കർ സർവകലാശാലയിലെ വിദ്യാർഥികളിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
‘ക്യാമ്പസിനുള്ളിൽ കൂട്ടം കൂടിയോ അല്ലെങ്കിൽ പൊതുവായോ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ അനുവദിക്കുകയില്ല. വിദ്യാർഥികൾ അവരുടെ ഫോൺ വഴിയോ മറ്റോ കാണണമെന്നുണ്ടെങ്കിൽ അത് അവരുടെ കാര്യമാണ്’ ഡൽഹി സർവകലാശാല ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിന് സർവകലാശാല അനുമതി നൽകിയിട്ടില്ല എന്നായിരുന്നു പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനിരിക്കെ, ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഇന്‍റർനെറ്റും വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്. ഇതോടെ മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച വീഡിയോകൾ ഫോണിലും ലാപ്‌ടോപ്പിലും കണ്ട് വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു.