ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിക്ക് പ്ലേറ്റ്‍ലെറ്റിന് പകരം ജ്യൂസ് നൽകി. ഉത്തർപ്രദേശ് പ്രയാഗ്‍രാജിലെ ഗ്ലോബൽ ആശുപത്രി ആന്‍ ട്രോമ സെന്‍ററിലാണ് സംഭവം. പ്ലേറ്റ്‍ലറ്റിന്‍റെ ബാഗിൽ പഴച്ചാറ് നിറച്ച് കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചു. 32കാരനായ പ്രദീപ് പാണ്ഡെയാണ് മരിച്ചത്. പ്ലാസ്മ എന്നെഴുതിയ ബാഗിൽ മുസംബി ജ്യൂസിൽ രാസവസ്തുക്കൾ കലർത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ടത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു. രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.
എന്നാൽ രോഗിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് താഴെ പോയതോടെ ബന്ധുക്കളോട് ബ്ലഡ് പ്ലേറ്റ്‌ലെറ്റ് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരാണ് പ്ലേറ്റ്‌ലെറ്റ് പുറത്തുനിന്ന് വാങ്ങികൊണ്ടുവന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്ലേറ്റ്‌ലെറ്റിന്‍റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് നല്‍കിയതോടെ രോഗി പ്രതികരിച്ചു തുടങ്ങി. ഇതോടെ പ്ലേറ്റ്‌ലെറ്റ് നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പ്ലേറ്റ്‌ലെറ്റിന് പകരം നൽകിയ ജ്യൂസ് പരിശോധനയ്ക്കു അയച്ചിരിയ്ക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ട്വീറ്റ് ചെയ്തു.