ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തു. ട്വിറ്ററിന്റെ നിയന്ത്രണം ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരെ മസ്ക് പുറത്താക്കി. സി.ഇ.ഒ പരാഗ് അഗ്രവാൾ, ലീഗൽ തലവൻ വിജയ ഗാഡ, ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ എന്നിവർ പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സി.ഇ.ഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്ക് ആരോപണം ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ആസ്ഥാനം മസ്ക് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്റർ ബയോ ‘ചീഫ് ട്വിറ്റ്’ എന്ന് തിരുത്തുകയും ചെയ്തിരുന്നു. 44 ബില്യൺ ഡോളർ നൽകി ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഏപ്രിൽ നാലിനാണ് മസ്ക് തുടക്കം കുറിച്ചത്. ഇതോടെ ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ മസ്കായി മാറി.