പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാനായി ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി സേനയുടെ മുഖം നഷ്ടപ്പെടുത്തരുതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും കർശന നിർദേശം. കിളികൊല്ലൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിൽ ഡിജിപി അനിൽകാന്തും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറുമാണ് ഈ നിർദേശം നൽകിയത്. കിളികൊല്ലൂർ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചിനു ഗുരുതര വീഴ്ചയുണ്ടായെന്നാണു വിലയിരുത്തൽ.
വൈകിട്ട് 6 ന് ശേഷം ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്യുന്നുവെങ്കിൽ അവരുടെ ആരോഗ്യസ്ഥിതിയും കേസിന്‍റെ വിവരങ്ങളും ആ സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് അറിയിക്കണമെന്നും കർശന നിർദേശം നൽകി. ഇടുക്കിയിലെ കസ്റ്റഡി മരണത്തിനു ശേഷം അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ചു പ്രത്യേക സർക്കുലർ ഇറക്കിയിരുന്നു. അന്നു നടപ്പാക്കിയെങ്കിലും പിന്നീട് ഇതിൽ വീഴ്ചയുണ്ടായി.
ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്നും രാത്രിയിൽ ആരെയെങ്കിലും സ്റ്റേഷനിൽ നിർത്തുന്നുണ്ടെങ്കിൽ അതു രേഖയാക്കണമെന്നും അനധികൃത കസ്റ്റഡി പാടില്ലെന്നുമുള്ള കർശന നിർദേശമാണു സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു നൽകിയത്. വൈകിട്ട് 6 ന് ശേഷം സ്റ്റേഷനിൽ കേസുമായോ പരാതിയുമായോ ബന്ധപ്പെട്ട് ആരെ കൊണ്ടുവന്നാലും ജില്ലാ പൊലീസ് മേധാവി അറിഞ്ഞിരിക്കണം. അറസ്റ്റ് റിപ്പോർട്ട് എസ്പിക്കു കൈമാറുകയും വേണമെന്നും നിർദേശിച്ചു.