വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഡിസംബർ 23നു ചന്ദ കോച്ചറിനെയും ദീപക് കോച്ചറിനെയും സിബിഐ അറസ്റ്റ് ചെയ്തത്.
എന്നാൽ അഴിമതി നിരോധന നിയമപ്രകാരം തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം നടത്തുന്നതിനു നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും സിബിഐക്ക് ഇതു ലഭിച്ചിട്ടില്ലെന്നും ചന്ദ കോച്ചറും ദീപക് കോച്ചറും കോടതിയെ ബോധിപ്പിച്ചു. വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത്, ദീപക് കൊച്ചാർ നിയന്ത്രിക്കുന്ന ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ), സുപ്രീം എനർജി, വിഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വിഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
2012 ൽ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ ലോൺ അനുവദിച്ചതിൽ ചന്ദ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. ഇടപാടിൽ നിന്ന് ഭർത്താവ് ദീപക് കോച്ചറും കുടുംബാംഗങ്ങളും നേട്ടമുണ്ടാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യം വിഡിയോണിനു നൽകിയ 40,000 കോടി രൂപയുടെ ഭാഗമായിരുന്നു ഈ വായ്പയും. ആരോപണത്തെത്തുടർന്ന് 2018 ഒക്ടോബറിൽ ബാങ്ക് സിഇഒ സ്ഥാനം ചന്ദ രാജിവച്ചിരുന്നു. പിന്നീട് ബാങ്ക് അതിനെ പുറത്താക്കലായി പുനർനിർവചിച്ചു.