കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തിലെ സുപ്രധാനമായ ഒരു സ്ഥലമാണ് കോവളം. ഇന്ത്യയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് അനുദിനം കോവളത്തെത്തുന്നത്. എന്നാൽ ഇന്നത്തെ കോവളം കേരളത്തിന് അപമാനമായി കൊണ്ടിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങളൊട്ടുമില്ലാത്ത കോവളത്തെത്തുന്ന വിദേശികളും സ്വദേശികളുമായ ഓരോ വിനോദസഞ്ചാരികളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. തെരുവു വിളക്കുകളോ ശുചിമുറികളോ ഇല്ലാതെ കോലം കെട്ട് കിടക്കുകയാണ് കോവളം. കോവളത്തിന്റെ ഈ അവസ്ഥയാണ് ‘കോലംകെട്ട് കോവളം’ എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. കേരളത്തിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന കോവളത്തെ പോരായ്മകളാണ് ഓരോ റിപ്പോർട്ടുകളിലും പറഞ്ഞത്.
എന്നാലിപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഫലം കണ്ടിരിക്കുകായണ്. വാർത്തയിൽ ചൂണ്ടിക്കാണിച്ച പല പോരായ്മകൾക്കും പരിഹാരമാവുകയാണ്.
കോവളം ടൂറിസ്റ്റ് കേന്ദ്രത്തിലെ വെളിച്ചക്കുറവിന് അന്ത്യമായി. ബീച്ചിലെ സോളാർ തെരുവുവിളക്കുകൾ മുഴുവനായി കത്തിച്ചു. നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലാക്കാനുള്ള ശ്രമവും അധികൃതർ തുടങ്ങി കഴിഞ്ഞു.
ജനങ്ങൾക്ക് ആശ്വാസകരമാകുന്ന, ഒരു നാടിന്റെ ആവശ്യം തന്നെ നിറവേറ്റുന്ന ഇത്തരം വാർത്തകളും അതിലുണ്ടാകുന്ന ഇടപെടലുകളുമാണ് മാധ്യമപ്രവർത്തനത്തിന്റെ യഥാർത്ഥ ധർമം. അത്തരത്തിലുള്ള വാർത്തകൾ ഇനിയും ഉണ്ടാകട്ടെ.