കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായവർ ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. നിലവിൽ അറസ്റ്റിലായ 6 പേരും ചാവേറായ ജമേഷ മുബിനും ചേർന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമിക്കാൻ സ്ഫോടക വസ്തുക്കൾ വാങ്ങിക്കൂട്ടിയിരുന്നു.
കേസുമായി ബന്ധപ്പെട്ടു തമിഴ്നാട്ടിലെ 42 സ്ഥലങ്ങളിലും പാലക്കാടും എൻഐഎ ഇന്നലെ നടത്തിയ റെയ്ഡിൽ ഒട്ടേറെ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. ചെന്നൈ പുതുപ്പേട്ടയിൽ പഴയ വാഹനങ്ങൾ വിൽപന നടത്തുന്ന നിസാമുദ്ദീൻ എന്നയാളെ കസ്റ്റഡിയിലെടുത്തു.
ജമേഷ മുബീന് കാർ വിറ്റത് ഇയാളാണെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഉടമയുടെ പേരുമാറ്റാതെ 10 പേർ കൈമറിഞ്ഞാണു കാർ ജമേഷ മുബീന്‍റെ പക്കൽ എത്തിയതെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
പാലക്കാട്ട് കൊല്ലങ്കോട് ചപ്പക്കാട്ടുള്ള ഷേക്ക് മുസ്തഫയുടെ വീട്ടിൽ പുലർച്ചെ എൻഐഎ സംഘം പരിശോധന നടത്തി. ഇയാളുടെ ഫോണും പാസ്പോർട്ടും കൂടുതൽ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജമേഷ മുബിനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കോയമ്പത്തൂർ പൊലീസും ഇയാളെ ചോദ്യം ചെയ്തിരുന്നു.
എൻഐഎ അറസ്റ്റ് ചെയ്ത 6 പ്രതികളുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്. കാർ സ്ഫോടനമുണ്ടായതിനു സമീപമുള്ള പുല്ലുകാടിൽ ഒട്ടേറെ വീടുകൾ പരിശോധിച്ചു. കോട്ടൈമേട്, കണിയാമുത്തൂർ, സെൽവപുരം തുടങ്ങി 21 സ്ഥലങ്ങളിലായിരുന്നു കോയമ്പത്തൂരിലെ പരിശോധന. ചെന്നൈ ഉൾപ്പെടെ ഏഴു ജില്ലകളിലെ 22 സ്ഥലങ്ങളിലും ഒരേ സമയം പരിശോധനയുണ്ടായി. ചെന്നൈയിൽ പെരമ്പൂർ, പുതുപ്പേട്ട, മണ്ണടി തുടങ്ങി അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്.
തിരുപ്പൂരിൽ ജമേഷ മുബിന്‍റെ സഹോദരി ഭർത്താവ് യൂസഫിനെ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. കോയമ്പത്തൂരിൽ ജമേഷ മുബിന്‍റെ അടുത്ത ബന്ധുവായ മജീദിന്‍റെ വീട്ടിൽ നിന്ന് ഫോണുകളും ഒട്ടേറെ രേഖകളും കണ്ടെടുത്തു.
മയിലാടുതുറ സിർകായിൽ അൽബാസിത് എന്നയാളുടെ വീട്ടിൽ നിന്നു ഫോണുകളും ഇലക്ട്രോണിക് ഡേറ്റ സ്റ്റോറേജ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഒക്ടോബർ 23നു പുലർച്ചെയാണു കോയമ്പത്തൂരിൽ കാർ ബോംബ് സ്ഫോടനമുണ്ടായത്.