തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കൂട്ടിയതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇത് കുറയ്ക്കാൻ സി.പി.എം സംസ്ഥാനസമിതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇന്നലത്തെ സംസ്ഥാനസമിതി യോഗത്തിൽ വിഷയം ചർച്ചയായി. വർദ്ധന ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതായും തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് തിരുത്തലിന് സർക്കാരിനോട് നിർദ്ദേശിക്കണമെന്ന ധാരണയുണ്ടായതെന്നറിയുന്നു. പുതിയ പരിഷ്കരണമനുസരിച്ച് 861.7 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ഫീസിൽ മാറ്റം വരുത്തിയിട്ടില്ല. 861 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് മാറ്റമില്ലാത്തതിനാൽ സാധാരണ ജനങ്ങളെ ബാധിക്കില്ലെന്നായിരുന്നു സർക്കാർ വിശദീകരിച്ചിരുന്നത്.
കെട്ടിട നികുതി: കുറഞ്ഞ നിരക്ക്
ഈടാക്കാൻ കോൺഗ്രസ് നിർദ്ദേശം
തിരുവനന്തപുരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തി സർക്കാർ പ്രഖ്യാപിച്ച നികുതി സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്ന് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പാർട്ടി നിർദേശം. എത്രയും വേഗം പ്രമേയം പാസാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾസർക്കാരിന് സമർപ്പിക്കണമെന്ന് കെ.പി.സി.സി. നിർദ്ദേശം നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കെട്ടിട നികുതി, പെർമിറ്റ്,അപേക്ഷാ ഫീസുകളും ഏറ്റവും കുറഞ്ഞ നിരക്ക് മാത്രമെ ഈടാക്കാവു,
അന്യായമായി വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് ,റെഗുലറൈസേഷൻ ഫീസ്,ലേ ഔട്ട് ഫീസ് തുടങ്ങിയവ പിൻവലിക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങർ പ്രമേയം പാസാക്കി സർക്കാരിനോട് ആവശ്യപ്പെടണം, കോൺഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾഅധിക നികുതി ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നും അതിന് അനുമതി നിഷേധിച്ചാൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കെ.പി.സി.സി. നിർദ്ദേശം നല്കി.