സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എതിർകക്ഷികൾക്കെല്ലാം നോട്ടിസിനു നിർദേശിച്ചു. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. കെടിയു വിസി നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാര് ആവശ്യപ്പെട്ടത്.
ഇപ്പോൾ നിയമനം സ്റ്റേ ചെയ്യുകയാണെങ്കിൽ സാങ്കേതിക സർവകലാശാലയ്ക്ക് വിസി ഇല്ലാതാകും. അതുകൊണ്ട് ഇപ്പോൾ തീരുമാനം എടുക്കാനാകില്ല. വേണമെങ്കിൽ വെള്ളിയാഴ്ച ഈ വിഷയം പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.