സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന് കോടതി വിധിച്ചത് വളരെ തുച്ഛമായ നഷ്ടപരിഹാരത്തുകയാണെന്ന് കേരളം. കടല്‍ക്കൊലക്കേസില്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് നാലുകോടി നഷ്ടപരിഹാരമാണ്. എന്നാല്‍ 5000 കോടിയുടെ ആസ്തിയുള്ള നിഷാമിന് കോടതി വിധിച്ചത് അന്‍പത് ലക്ഷം രൂപ മാത്രമാണെന്നും കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് കേരളത്തിന്‍റെ അഭിഭാഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളം നല്‍കിയ ഹര്‍ജിയിലാണ് നിഷാമിന് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ നോട്ടീസയച്ചത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്.
നോട്ടീസ് അയക്കുന്നതിനുമുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്ന് നിഷാമിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നോട്ടീസ് മാത്രമാണ് അയക്കുന്നതെന്നും ഇപ്പോള്‍ തൂക്കുകയറിലേക്ക് അയക്കുന്നില്ലല്ലോയെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ എ.എസ്. ബൊപ്പണ്ണ പറഞ്ഞു.