ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ വനിതാ താരങ്ങൾ. സ്മൃതി മന്ദന, ദീപ്തി ശർമ, രേണുക സിംഗ് എന്നിവരാണ് റാങ്കിംഗിൽ ഏറെ മുന്നേറിയത്. ബാറ്റർമാരിൽ സ്മൃതി മന്ദന രണ്ടാം സ്ഥാനത്തെത്തി. ബൗളർമാരിൽ ദീപ്തി ശർമ രണ്ടാമതും രേണുക സിംഗ് മൂന്നാം സ്ഥാനത്തേക്കും മുന്നേറി.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സ്മൃതി തൻ്റെ ടി-20 കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ 25 പന്തിൽ 51 റൺസ് നേടി പുറത്താവാതെ നിന്നതാണ് സ്മൃതിയെ തുണച്ചത്. 730 ആണ് സ്മൃതിയുടെ റേറ്റിംഗ്. ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം ബെത്ത് മൂണിയ്ക്ക് 743 റേറ്റിംഗ് ഉണ്ട്.
ബൗളർമാരിൽ 742 റേറ്റിംഗോടെയാണ് ദീപ്തി ശർമ രണ്ടാം സ്ഥാനത്ത് എത്തിയത്. ദീപ്തിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്ക് ആണിത്. ഏഷ്യാ കപ്പിൽ താരവും മികച്ച പ്രകടനങ്ങളാണ് നടത്തിയത്. 13 വിക്കറ്റുകളുമായി ടൂർണമെൻ്റിലെ താരമായും ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിൻ്റെ സോഫി എക്ലസ്റ്റണ്‍ 756 റേറ്റിംഗുണ്ട്. പേസർ രേണുക സിംഗും തൻ്റെ കരിയർ ബെസ്റ്റ് റാങ്കിലെത്തി. 737 റേറ്റിംഗുള്ള രേണുകയെയും ഏഷ്യാ കപ്പിലെ പ്രകടനങ്ങളാണ് തുണച്ചത്.
അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സ്നേഹ് റാണ ബൗളർമാരിൽ തൻ്റെ കരിയർ ബെസ്റ്റായ 10ആം റാങ്കിലെത്തി. ബാറ്റർമാരിൽ ഷഫാലി വർമ (7), ഹർമൻപ്രീത് കൗർ (14) എന്നിവരും റാങ്കിംഗിൽ മുന്നേറി. സ്പിന്നർ രാജേശ്വരി ഗെയ്ക്വാദ് 17ആം റാങ്കിലെത്തി.