പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ എഴുപതുകാരൻ അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്.
മൂന്നു നിലയുള്ള കെട്ടിടത്തിൽനിന്നും വീണാണ് ഇയാൾ മരിച്ചത്. കെട്ടിടത്തിന്റെ ഉടമ ലോകേഷിന്റെ നിർദേശത്തെ തുടർന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി കൊടുക്കാൻ തീരുമാനിച്ചത്.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രൻ കാൽവഴുതി കെട്ടിടത്തിനു മുകളിൽനിന്നും വീഴുകയായിരുന്നു. ഈ സമയം കയ്യിലുണ്ടായിരുന്ന കോഴി പറന്നുപോവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറഞ്ഞു.