എൻഐഎ റെയ്ഡ്: മുഹമ്മദ് മുബാറക്ക് അറസ്റ്റിൽ

എറണാകുളത്ത് എൻഐഎ റെയ്ഡിൽ ആയുധം കണ്ടെത്തിയതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്ത മുഹമ്മദ് മുബാറക്കിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. എടവനക്കാട് നിന്നാണ് മുബാറക്കിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ ആദ്യകാല പ്രവർത്തകനാണ് മുബാറക്കെന്നാണ് നാട്ടുകാർ പറയുന്നത്.

നിയമബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകൾ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേർന്ന് ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചു.

മുബാറക്കിന്‍റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 4 മണിക്കാണ് പത്തംഗ എൻഐഎ സംഘം എത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിനു ശേഷം വീട് വിശദമായി പരിശോധിച്ചു. മുബാറക്കിന്‍റെ മാതാപിതാക്കൾ, ഭാര്യ, കുട്ടി എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്. 9 മണി വരെ പരിശോധന നീണ്ടു. തുടർന്ന് മുബാറക്കിനേയും കൂട്ടി സംഘം മടങ്ങുകയായിരുന്നു. അതേസമയം, വീട്ടിൽനിന്ന് പണവും മാരകായുധങ്ങളും കണ്ടെടുത്തെന്ന പ്രചാരണം ശരിയല്ലെന്നു വീട്ടുകാർ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *