എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. ഇ പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. പരാതി എഴുതി നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആവശ്യപ്പെട്ടു.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന് കോടികളുടെ അഴിമതി നടത്തിയെന്ന് പി ജയരാജന് ആരോപിച്ചു. കണ്ണൂരില്‍ ജയരാജന്റെ വീടിന് സമീപത്തുള്ള വിലാസത്തിലാണ് കണ്ണൂര്‍ ആയുര്‍വേദ ലിമിറ്റഡ് എന്ന കമ്പനി 2014ല്‍ സ്ഥാപിതമായത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്നാണ് ആരോപണം.
ഏറ്റവും ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് പി ജയരാജന് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയില്‍ ഇ പി ജയരാജന് പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി ആരോപണം രേഖാമൂലമുള്ള പരാതിയായി നല്കിയാല് അന്വേഷിക്കുമെന്ന് വ്യക്തമാക്കി.