പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മഹാരാഷ്ട്ര ഗവര്‍ണറായേക്കും. നിലവില്‍ സംസ്ഥാന ഗവര്‍ണറായ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ്ങിനെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രൂക്ഷപ്രതിപക്ഷവിമര്‍ശനം നേരിടുന്ന കോഷിയാരിയുടെ രാജിയാവശ്യം കുറേക്കാലമായി ഉയര്‍ന്നിരുന്നു.
തിങ്കളാഴ്ച കോഷിയാരി തന്റെ രാജി സന്നദ്ധത പ്രകടിപ്പിക്കുകയും വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതായി അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് കോഷിയാരിയുടെ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും ചൂടുപിടിച്ചത്. 81-കാരനായ കോഷിയാരി 2019 സെപ്റ്റംബറിലാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്.
“രാഷ്ട്രീയപരമായ എല്ലാ ഉത്തരവാദിത്വങ്ങളും വിട്ടൊഴിയാനും ശിഷ്ടകാലം വായനയും എഴുത്തും മറ്റുപ്രവര്‍ത്തനങ്ങളുമായി കഴിയാനുള്ള ആഗ്രഹം ബഹുമാന്യനായ പ്രധാനമന്ത്രിയുടെ അടുത്തിടെ നടന്ന മുംബൈ സന്ദര്‍ശനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രിയില്‍ നിന്ന് എല്ലായ്പോഴും സ്നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിലും അദ്ദേഹത്തില്‍ നിന്ന് സമാനാനുഭവം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”. രാജ്ഭവന് പുറത്തിറക്കിയ പ്രസ്താവനയില്‍ കോഷിയാരി പറഞ്ഞു.
കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് അമരീന്ദര്‍ തന്റെ പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസിനെ ബിജെപിയില്‍ ലയിപ്പിച്ചത്. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ലയനം. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നവ് ജോത്സിങ് സിദ്ദുവിനെ നിയമിച്ചതിന് പിന്നാലെ 2021 നവംബറിലാണ് താന്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അമരീന്ദര്‍ സിങ് രാജിവെച്ചത്.